വാഷിംഗ്ടൺ: രാജ്യത്ത് ‘ഊർജ്ജ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചുകൊണ്ട് കാലഹരണപ്പെട്ട അഞ്ച് കൽക്കരി വൈദ്യുതി പ്ലാന്റുകൾ അടച്ചുപൂട്ടുന്നത് ട്രംപ് ഭരണകൂടം തടഞ്ഞു. നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ഇവയുടെ പ്രവർത്തനം തുടരാൻ ഉത്തരവിട്ടത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും രാഷ്ട്രീയ തർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാനായി ഇതിനോടകം തന്നെ കോടിക്കണക്കിന് ഡോളർ ചെലവായിട്ടുണ്ട്.
മിഷിഗൺ, ഇന്ത്യാന, കൊളറാഡോ, വാഷിംഗ്ടൺ എന്നീ നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്ലാന്റുകൾക്കാണ് കാലാവധി നീട്ടി നൽകിയത്. വൈദ്യുതി വിതരണ ശൃംഖലയുടെ സുരക്ഷയും വർധിച്ചുവരുന്ന ഊർജ്ജ ആവശ്യവും മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഭരണകൂടം വിശദീകരിക്കുന്നു. പ്രത്യേകിച്ച് എ.ഐ (AI) മേഖലയിലെ ഡാറ്റാ സെന്ററുകളുടെ വളർച്ച വൈദ്യുതി ഉപഭോഗം വർധിപ്പിച്ചത് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ, സാമ്പത്തികമായി ലാഭകരമല്ലാത്ത ഈ പ്ലാന്റുകൾ നിലനിർത്തുന്നതിനുള്ള ഭാരിച്ച ചെലവ് സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലിൽ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിഷിഗണിലെ ജെ.എച്ച് കാംപ്ബെൽ പ്ലാന്റ് മാത്രം പ്രവർത്തിപ്പിക്കാൻ ഒരു ദിവസം ഏകദേശം 6,00,000 ഡോളർ അധികമായി ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതിനോടകം തന്നെ ഏകദേശം 233 മില്യൺ ഡോളർ ഇത്തരത്തിൽ ചെലവായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും വിവിധ സംസ്ഥാന സർക്കാരുകളും ഈ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്ലാന്റുകൾ നിലനിർത്തുന്നത് കാലാവസ്ഥാ ലക്ഷ്യങ്ങളെ അട്ടിമറിക്കുമെന്നും പൊതുജനാരോഗ്യത്തിന് ദോഷകരമാകുമെന്നും ഇവർ ആരോപിക്കുന്നു

