ലണ്ടൻ: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന് ആവശ്യമായതും സ്വതന്ത്രവുമായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറ. ഇമ്രാൻ ഖാന്റെ കാര്യത്തിൽ ഇടപെടുന്നത് രാഷ്ട്രീയ നിലപാടല്ലെന്നും മനുഷ്യപരമായ വിഷയമാണെന്നും ലാറ വ്യക്തമാക്കി.
ഇമ്രാൻ ഖാനെ ക്രിക്കറ്റ് മൈതാനത്ത് ഏതാനും തവണ മാത്രമാണ് നേരിട്ടതെങ്കിലും അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടായിരുന്നുവെന്ന് ലാറ പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷയും അഭിമാനവും പ്രചോദനവും നൽകിയ കായികതാരം ഇപ്പോൾ ആവശ്യമായ പരിചരണവും മാന്യതയും ലഭിക്കാത്ത സാഹചര്യത്തിലാണെന്ന റിപ്പോർട്ടുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇമ്രാന് “ശരിയായതും സ്വതന്ത്രവുമായ മെഡിക്കൽ പരിചരണവും ഓരോ മനുഷ്യനും അർഹിക്കുന്ന മാന്യതയും” ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മറ്റ് മുൻ രാജ്യാന്തര ക്യാപ്റ്റൻമാർക്കൊപ്പം താനും രംഗത്തിറങ്ങുന്നതെന്ന് ലാറ വ്യക്തമാക്കി. വിഷയം രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഇത് അടിസ്ഥാനപരമായ മാനവികതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിൽ സാഹചര്യങ്ങളും സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചുവരുന്നതിനിടെയാണ് ലാറയുടെ പ്രതികരണം. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഓസ്ട്രേലിയയുടെ ഗ്രെഗ് ചാപ്പൽ തുടങ്ങിയ മുൻ താരങ്ങളും ഇമ്രാന് മതിയായ ചികിത്സയും മാന്യമായ പരിചരണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച് കോടതിയുടെ നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്. ചികിത്സാ നടപടികൾ സംബന്ധിച്ച് കുടുംബവും അഭിഭാഷകരും ഉന്നയിച്ച ആശങ്കകൾക്കിടെയാണ് മുൻ ക്രിക്കറ്റ് താരങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടൽ.

