മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത ഘട്ട സമാധാന ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികൾക്കും പങ്കെടുക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്വാഗതം ചെയ്തു. സമാധാന ചർച്ചകളിൽ യൂറോപ്പിന് തുല്യമായ പങ്കാളിത്തം വേണമെന്ന യുക്രെയ്നിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നത് നയതന്ത്ര നീക്കത്തിൽ നിർണായകമായേക്കും.
വ്യാഴാഴ്ച മോസ്കോയിലെ ക്രെംലിനിൽ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിറ്റ്കോഫ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ വിറ്റ്കോഫിനൊപ്പം ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തു. അടുത്ത ഘട്ട ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികൾ പങ്കെടുക്കുന്നത് പ്രധാനപ്പെട്ട നീക്കമാണെന്നും അവർ യുഎസിന്റെ പങ്കാളികളാണെന്നും വിറ്റ്കോഫ് പ്രതികരിച്ചു.
തുടർന്ന് അയർലൻഡിലെ ഡബ്ലിനിലെത്തിയ യുഎസ് പ്രതിനിധികൾ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെ സ്വാഗതം ചെയ്ത സെലൻസ്കി, വെടിനിർത്തലും സംഘർഷം ലഘൂകരിക്കലും ചർച്ചകളുടെ അജണ്ടയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം, യൂറോപ്പിന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും ചർച്ചകളിൽ അവരുടെ പങ്കാളിത്തം പുരോഗതിക്ക് തടസ്സമാകില്ലെന്നും പുടിനുമായുള്ള കൂടിക്കാഴ്ചയിൽ കുഷ്നർ പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്ക് റഷ്യ എതിരല്ലെന്ന് പുടിൻ വ്യക്തമാക്കിയെങ്കിലും യുക്രെയ്നിൽ പാശ്ചാത്യ രാജ്യങ്ങളുടെ സൈന്യത്തെ വിന്യസിക്കുന്നതിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സമാധാന കരാറിനുശേഷം വിദേശസൈനികർ യുക്രെയ്നിൽ നിലയുറപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് യുദ്ധം വീണ്ടും ആരംഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, യൂറോപ്യൻ പ്രതിനിധികൾ അടുത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന കാര്യം ക്രെംലിൻ വക്താവ് യൂറി ഉഷാക്കോ സ്ഥിരീകരിച്ചിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളുടെ നിലവിലെ നിലപാട് യുദ്ധം അനന്തമായി തുടരുന്നതിനുള്ള സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
അബുദാബിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒൻപത് മാസത്തിനുശേഷം നടന്ന ആദ്യ നേരിട്ടുള്ള ത്രികക്ഷി ചർച്ചകൾ കാര്യമായ തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്. ചില വിഷയങ്ങളിൽ പുരോഗതിയുണ്ടായെങ്കിലും പ്രദേശിക നിയന്ത്രണം, സുരക്ഷാ ഉറപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്. യുക്രെയ്നിന്റെ അഞ്ചിലൊന്ന് പ്രദേശവും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡോൺബാസ് മേഖലയിലെ ശേഷിക്കുന്ന പ്രദേശങ്ങൾ വിട്ടുനൽകണമെന്ന റഷ്യയുടെ ആവശ്യത്തോട് യുക്രെയ്ൻ വിയോജിക്കുന്നു.
യുദ്ധത്തടവുകാരുടെ കൈമാറ്റം ഉൾപ്പെടെയുള്ള മാനുഷിക വിഷയങ്ങളിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ. അതേസമയം, യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന യുഎസ് നിർമിത സ്റ്റാർഷീൽഡ് ഉപഗ്രഹ ആശയവിനിമയ സംവിധാനത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചും സെലൻസ്കി ആശങ്ക പ്രകടിപ്പിച്ചു.

