ടെഹ്റാൻ: ബഹ്റൈനിൽ സ്ഥാപിച്ചിരുന്ന യുഎസിന്റെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനിലെ തെക്കൻ തുറമുഖ നഗരമായ സിറിക്കിലെ ടെലികമ്യൂണിക്കേഷൻ ടവറിനുനേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് റഡാർ ലക്ഷ്യമിട്ടതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു.
വെള്ളിയാഴ്ചയാണ് (നവംബർ 13) ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചത്. റഡാർ സംവിധാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും തകർത്തുവെന്നുമാണ് ഇറാൻ വാർത്താ ഏജൻസികളായ ഫാർസ്, ഐആർഎൻഎ എന്നിവയിലൂടെ പുറത്തുവന്ന വിവരം. ഹോർമുസ് കടലിടുക്കിലെ യുഎസ് വ്യോമനീക്കങ്ങളും എണ്ണക്കടത്തും അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പായാണ് ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്. വീണ്ടും ഇത്തരം നീക്കങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.
എന്നാൽ ബഹ്റാനിലേക്കു നീങ്ങിയ ഇറാന്റെ രണ്ട് ആക്രമണ ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടതായും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) വ്യക്തമാക്കി. റഡാർ സംവിധാനം തകർത്തെന്ന ഇറാന്റെ അവകാശവാദം ഇതോടെ അമേരിക്ക തള്ളി. ആക്രമണത്തിൽ റഡാറിന് നാശനഷ്ടമുണ്ടായെന്നതിന് സ്വതന്ത്ര സ്ഥിരീകരണമില്ല.
ഹോർമുസ് കടലിടുക്കിനോടു ചേർന്നുള്ള ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക്കിൽ വ്യാഴാഴ്ച ടെലികമ്യൂണിക്കേഷൻ ടവറിനുനേരെ ആക്രമണമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെ തിരിച്ചടിയുണ്ടായതായി ഇറാൻ അവകാശപ്പെട്ടത്.
യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമാണ് ബഹ്റൈൻ. ഗൾഫ് മേഖലയിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ ഇവിടെ നേരത്തെയും ഇറാൻ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾക്കു പിന്നാലെ മേഖലയിൽ സംഘർഷം വ്യാപിച്ചിരുന്നു.
അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വഹിച്ച ടാങ്കർ കപ്പൽ കടൽമൈനിൽ തട്ടി പൊട്ടിത്തെറിച്ചതായും ഐആർജിസി അവകാശപ്പെട്ടു. മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പൽ കടലിടുക്കിലൂടെ സഞ്ചരിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ ഈ സംഭവവും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

