ഇൻസ്റ്റഗ്രാം കമന്റ് വിനയായി; പ്രവാസി വീട്ടമ്മ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

അജ്മാൻ: സോഷ്യൽ മീഡിയയിൽ നൽകിയ ഒരു ചെറിയ കമന്റ് വലിയ നിയമക്കുരുക്കായി മാറിയതോടെ യുഎഇയിലെത്തിയ പ്രവാസി വീട്ടമ്മ വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. ഇൻസ്റ്റഗ്രാമിൽ മറ്റൊരു യുവതി പങ്കുവെച്ച ചിത്രത്തിന് താഴെ പരിഹസിക്കുന്ന രീതിയിൽ കമന്റ് ചെയ്തതാണ് വീട്ടമ്മയ്ക്ക് തിരിച്ചടിയായത്.

കുടുംബത്തോടൊപ്പം വിദേശത്തുനിന്ന് മടങ്ങിയെത്തിയ യുവതിയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തടഞ്ഞുവെക്കുകയും തുടർന്ന് അജ്മാൻ പൊലീസിന് കൈമാറുകയുമായിരുന്നു.

ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലെ ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ കമന്റ്. ഈ കമന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ബാഗിന്റെ ഉടമയെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾക്കും വഴിവെച്ചു. ഇതോടെ തന്നൊ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുഎഇയിലെ സൈബർ നിയമങ്ങൾ അനുസരിച്ച് മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള കമന്റുകൾ ക്രിമിനൽ കുറ്റമാണ്. ഈ കേസിൽ പരാതി പിൻവലിച്ചിരുന്നില്ലെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ (ഏകദേശം ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) പിഴയോ അല്ലെങ്കിൽ ജയിൽ ശിക്ഷയോ യുവതിക്ക് ലഭിക്കുമായിരുന്നു.

വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ട യുവതി ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് വിളിക്കുകയും, പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെ പ്രശ്നം രമ്യമായി പരിഹരിക്കുകയുമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ നൽകുന്ന കമന്റുകൾ മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അത് കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഇടങ്ങളിൽ മാന്യത പുലർത്തണമെന്നും അശ്ലീലമോ ഹീനമോ ആയ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *