തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡി.സി.സി സ്വീകരിച്ച അച്ചടക്ക നടപടിയെ രൂക്ഷമായി വിമർശിച്ച് ഡീൻ കുര്യാക്കോസ് എം.പി. പാർട്ടിക്കായി അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കെതിരെയുള്ള ഇത്തരം നീക്കങ്ങൾ ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ വൈകാരികമായ പ്രതികരണങ്ങളെ അടിച്ചമർത്തുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒരു കേഡർ പാർട്ടിയല്ലെന്നും അമിതമായ അച്ചടക്കത്തിന്റെ ഉടവാൾ കാട്ടി പ്രവർത്തകരെ ഭയപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെയാണ് നേതൃത്വം സമീപിക്കേണ്ടത്. “ഇരുമ്പുവടം വലിച്ചുകെട്ടി ആരെയും അച്ചടക്കത്തിനുള്ളിലാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല” എന്ന കടുത്ത പ്രയോഗത്തിലൂടെ നേതൃത്വത്തിന്റെ നടപടിക്കെതിരെ എം.പി കർശനമായ മുന്നറിയിപ്പ് നൽകി.
സാധാരണക്കാരായ പ്രവർത്തകരുടെ വിയർപ്പിലാണ് പാർട്ടി വിജയങ്ങൾ കൊയ്യുന്നത്. അതുകൊണ്ടുതന്നെ, അവരെ എന്ത് തെറ്റിന്റെ പേരിലാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഡീൻ കുര്യാക്കോസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

