ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തിരക്കേറിയ മാർക്കറ്റ് പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്
സ്ഫോടനത്തിൽ രണ്ട് പോലീസുകാരും സാധാരണ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരും സുരക്ഷാസേനയും ഉടൻ എത്തി രക്ഷാപ്രവർത്തനം നടത്തി.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാകാം ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു.
അടുത്തിടെ ബന്നു ജില്ലയിൽ പോലീസിനെ ലക്ഷ്യമിട്ട് നടന്ന കാർ ബോംബ് ആക്രമണത്തിനുപിന്നാലെയാണ് പുതിയ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

