അങ്കാറ: തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നിവർ ഒപ്പുവച്ച പുതിയ സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തും ചേരാൻ സാധ്യതയുണ്ടെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ. സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചാൽ ഈജിപ്ത് കരാറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ഏഴിന് മക്കയിൽ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം അംഗരാജ്യങ്ങളിൽ ഒന്നിനെതിരായ സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കും. ആക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട പിന്തുണയുടെ സ്വഭാവവും വ്യാപ്തിയും ഓരോ സാഹചര്യവും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.
കരാർ നാറ്റോയുടെ ആർട്ടിക്കിൾ 5-ലെ കൂട്ടായ പ്രതിരോധ തത്വത്തിന് സാങ്കേതികമായി സമാനമാണെന്ന് ഫിദാൻ വ്യക്തമാക്കി. എന്നാൽ കരാർ ഏതെങ്കിലും പ്രത്യേക രാജ്യത്തെ, പ്രത്യേകിച്ച് ഇറാനെ, ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കരാർ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ നിലപാടും ഫിദാൻ അറിയിച്ചു. മേഖലയുടെ സുരക്ഷ, പ്രതിരോധ സഹകരണം, കടൽഗതാഗത സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ തുർക്കി, പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഈജിപ്ത് ഇതിനകം കരാറിൽ ഒപ്പുവച്ചിട്ടില്ല. സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച ശേഷമുള്ള ചർച്ചകൾക്ക് പിന്നാലെയായിരിക്കും കെയ്റോയുടെ അന്തിമ തീരുമാനം വ്യക്തമാകുക.

