സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ‘ഐ ക്യാൻ’ ആരംഭിച്ചു

പാലക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനായ “ഐ ക്യാൻ” ആരംഭിച്ചു. പാലക്കാട് ജില്ലാ പോലീസ് ഓഫീസ് അനെക്സിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി അബ്ദുൽ റഷി ഐ.പി.എസ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ അഡിഷണൽ എസ്.പി സിനോജ് സ്വാഗതവും ആശംസകളും നേർന്നു.

തുടർന്ന് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച ക്ലാസുകളും ചർച്ചകളും നടന്നു. പാലക്കാട് സൈക്യാട്രിക് ഗിൽഡിനെ പ്രതിനിധീകരിച്ച് പ്രമുഖ മനോരോഗ വിദഗ്ദ്ധരായ വാണിയംകുളം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ റസിഡന്റ് ഡോ. കിരൺ നാഥ് ജി (എം.ബി.ബി.എസ്, എം.ഡി – സൈക്യാട്രി), ചിറ്റൂർ കരുണ മെഡിക്കൽ കോളേജ് സീനിയർ റസിഡന്റ് ഡോ. ജോയൽ ദേവസ്യ, മനോമിത്ര ഹോസ്പിറ്റൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. പ്രേമദാസൻ സി.ഡി, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡി ഇൻചാർജുമായ ഡോ. സജൽ സത്യദേവൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ഫിസിഷ്യൻസ് അസോസിയേഷൻ പ്രസിഡന്റും ഫിസിഷ്യനുമായ ഡോ. അരുൺ എൻ.എം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് ചടങ്ങിൽ സംസാരിച്ചു. എസ്.പി.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറും സബ് ഇൻസ്പെക്ടറുമായ നന്ദകുമാർ ടി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ നിരവധി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അധ്യാപകരും പോലീസുദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *