പടിയാല: പഞ്ചാബിലെ പടിയാല ജില്ലയിൽ റെയിൽവേ പാളത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ട്രാക്കിന്റെ ഒരു ഭാഗം കേടായി. തിങ്കളാഴ്ച രാത്രി നടന്ന കുറഞ്ഞ തീവ്രതയുള്ള സ്‌ഫോടനത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ അടിയന്തരമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാജ്പുര–ശംഭു റെയിൽപാതയിലാണ് സംഭവം ഉണ്ടായത്. ചരക്കു ട്രെയിനുകൾ പ്രധാനമായും ഉപയോഗിക്കുന്ന പാതയിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് ഒരു വ്യക്തിയുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സ്‌ഫോടകവസ്തു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്‌ഫോടനത്തെ തുടർന്ന് പാളത്തിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു. സ്ഥലത്ത് റെയിൽവേ പൊലീസ്, ആർപിഎഫ് എന്നിവരുടെ സംഘം പരിശോധന നടത്തി.
സംഭവത്തിന്റെ പശ്ചാത്തലവും സാധ്യതയുള്ള ഗൂഢാലോചനയും ഉൾപ്പെടെ വിവിധ കോണുകളിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

