ഫിഫ ലോകകപ്പ്: രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ ആദ്യ മത്സരം നാളെ അമേരിക്കയിൽ; ന്യൂസിലൻഡാണ് എതിരാളികൾ



ലൊസാഞ്ചലസ്: കടുത്ത രാഷ്ട്രീയ-യുദ്ധ പശ്ചാത്തലങ്ങൾക്കിടയിലും കായികലോകം ഉറ്റുനോക്കുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനായി ഇറാന്റെ ഫുട്ബോൾ ടീം അമേരിക്കയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്റെ ആദ്യ മത്സരം ഇന്ത്യൻ സമയം നാളെ (ചൊവ്വാഴ്ച) പുലർച്ചെ 6:30-ന് കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടക്കും. കളിയിൽ ഒപ്പണന്റായി ഇറങ്ങുന്നത് ന്യൂസിലൻഡാണ്.


ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യങ്ങളാണ് ഈ മത്സരത്തിന് കായികത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യം നൽകുന്നത്. സുരക്ഷാ പ്രശ്നങ്ങളും യുദ്ധ പശ്ചാത്തലവും മുൻനിർത്തി ഇത്തവണ ഇറാൻ ടീം തങ്ങളുടെ ബേസ് ക്യാമ്പ് മെക്സിക്കോയിലേക്കാണ് മാറ്റിയിരിക്കുന്നത്. ലോകകപ്പ് ഫിക്സ്ചറുകൾ യുദ്ധത്തിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അമേരിക്കയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച്, മത്സരത്തിന്റെ തലേദിവസം മാത്രം അമേരിക്കയിലെത്തുകയും, മത്സരം കഴിഞ്ഞയുടൻ മെക്സിക്കോയിലെ ബേസ് ക്യാമ്പിലേക്ക് മടങ്ങുകയും ചെയ്യുന്ന പ്രത്യേക ഷെഡ്യൂളാണ് ഇറാൻ ടീം പിന്തുടരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾക്കും, മാധ്യമപ്രവർത്തകർക്കും, ആരാധകർക്കും വരെ അമേരിക്ക വിസയും ടിക്കറ്റും നിഷേധിച്ചത് വലിയ വാർത്തയായിരുന്നു.
കാലിഫോർണിയയിലെ മത്സരത്തിനിടെ ഇറാൻ ടീമിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നുണ്ട്.

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഇറാന്റെ ദേശീയ പതാക മൈതാനത്ത് പ്രദർശിപ്പിച്ചപ്പോൾ ഗാലറിയിൽ നിന്ന് വലിയ രീതിയിൽ കാണികൾ കൂവിവിളിച്ചിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത ഇറാൻ ആ ചരിത്രം തിരുത്താനാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്. മറുഭാഗത്ത് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് നാളെ ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *