ഹെൽസിങ്കി: ഫിൻലൻഡിൽ സർക്കാർ ധനസഹായവും വെൽഫെയർ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന കുടിയേറ്റക്കാർക്ക് പകരമായി പൊതുജനങ്ങൾക്കായുള്ള ശാരീരിക അധ്വാന ജോലികൾ നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി ധനമന്ത്രി റീക്ക പുര രംഗത്ത്. തെരുവ് ശുചീകരണം പോലുള്ള പൊതുജോലികളാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കുടിയേറ്റക്കാർ ചെയ്യേണ്ടി വരികയെന്ന് റീക്ക പുര വ്യക്തമാക്കി.
കുടിയേറ്റക്കാർക്കായി നിർദ്ദേശിക്കുന്ന ഇത്തരം ജോലികൾ നിലവിൽ രാജ്യത്ത് ആളുകൾ വേതനം വാങ്ങി ചെയ്യുന്ന മറ്റ് സ്ഥിരം ജോലികളെ ഒന്നിനെയും ബാധിക്കുകയോ അവയ്ക്ക് പകരമാവുകയോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ധനമന്ത്രി മുന്നോട്ടുവെച്ച ഈ വിവാദ നിർദ്ദേശം ഫിൻലൻഡ് സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയോ പാർലമെന്റ് നിയമമായി പാസാക്കുകയോ ചെയ്തിട്ടില്ല. കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഈ നിർദ്ദേശത്തിന്മേൽ രാജ്യത്ത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കാണ് സാധ്യത തെളിയുന്നത്.

