ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) തീപിടിത്തത്തിൽ 14 നവജാത ശിശുക്കൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം രാവിലെ 6.38ഓടെ നഴ്സറിയിലെ എയർ കണ്ടീഷനറിൽ നിന്ന് തീപ്പൊരി ഉണ്ടായതിനെ തുടർന്നാണ് തീ പടർന്നത്. ഇൻക്യുബേറ്ററുകളുമായി ബന്ധിപ്പിച്ചിരുന്ന ഓക്സിജൻ സംവിധാനങ്ങൾ തീ ആളിപ്പടരാൻ കാരണമായെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. തീപിടിത്ത സമയത്ത് 15 കുഞ്ഞുങ്ങളാണ് വാർഡിലുണ്ടായിരുന്നത്. ഒരു കുഞ്ഞിനെ ഡോക്ടർമാർ രക്ഷപ്പെടുത്തി.
തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണവുമായി മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ രംഗത്തെത്തി. വാർഡിന്റെ ചില വാതിലുകൾ അടച്ചിരുന്നതായും രക്ഷാപ്രവർത്തകർ വൈകിയെത്തിയതായും ചില ദൃക്സാക്ഷികൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു. എല്ലാ അടിയന്തര വാതിലുകളും പ്രവർത്തനക്ഷമമായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. രക്ഷാപ്രവർത്തകർ ആറു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെന്നാണ് ഇസ്ലാമാബാദ് ഭരണകൂടത്തിന്റെ നിലപാട്.
സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫെഡറൽ ആരോഗ്യ സെക്രട്ടറി മുഹമ്മദ് അസ്ലം ഗൗരിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം, രക്ഷാപ്രവർത്തനം, ആശുപത്രിയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇടക്കാല റിപ്പോർട്ട് 48 മണിക്കൂറിനകം സമർപ്പിക്കാനും സമഗ്ര റിപ്പോർട്ട് അഞ്ച് ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ആരോഗ്യ മന്ത്രി മുസ്തഫ കമാൽ ഉത്തരവാദികളായ ആരെയും ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി. അശ്രദ്ധ കണ്ടെത്തിയാൽ തനിക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

