ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസ് കമന്റേറ്റർ ഗ്ലെൻ ബെക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഖമനയിയുടെ ശരീരത്തിന്റെ ഇടതുഭാഗത്തും കൈക്കും കാലിനും ഗുരുതര പരിക്കേറ്റതായാണ് ട്രംപ് പറഞ്ഞത്. എന്നാൽ അവസ്ഥ സംബന്ധിച്ച് ട്രംപ് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇറാൻ അധികൃതർ ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നതിന് പരമോന്നത നേതാവുമായി കൂടിയാലോചിക്കുന്നതായി പറയുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരിയിൽ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് മാർച്ചിലാണ് മുജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവായത്. അധികാരമേറ്റശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

അതേസമയം, മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഇറാൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഖമനയി ആരോഗ്യവാനാണെന്ന് പ്രതികരിച്ചിട്ടുണ്ട്.

ഖമനയിയുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ ട്രംപിന്റെ പരാമർശം അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ വിലയിരുത്തലായാണ് കാണേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *