ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ആദ്യമായി പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ആഭിമുഖ്യത്തിൽ നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മസൂദ് മാലിക്കാണ് ഇന്ത്യയിലെത്തുന്നത്. പാക് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എസ്‌സിഒ അംഗരാജ്യങ്ങൾക്കിടയിൽ നാഗരികത, സാംസ്കാരിക ധാരണ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് ഫോറത്തിൽ നടക്കുക. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ നാഗരികതകൾ തമ്മിലുള്ള സംവാദവും ജനങ്ങൾ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പാക് ദേശീയ പൈതൃക-സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയാണ് ഇന്ത്യ ആദ്യം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന് പകരം മുസാദിഖ് മാലിക്കിനെ പ്രതിനിധിയായി പാകിസ്താൻ നാമനിർദേശം ചെയ്യുകയായിരുന്നു
2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് മറുപടിയായി മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നാലുദിവസം നീണ്ട സൈനിക സംഘർഷമുണ്ടായി. മേയ് 10ന് സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ധാരണയെത്തുടർന്നാണ് സംഘർഷം അവസാനിച്ചത്.
2023 മേയിൽ ഗോവയിൽ നടന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യയിലെത്തിയിരുന്നു. അതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് മന്ത്രിയാണ് മുസാദിഖ് മാലിക്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഡൽഹിയിലെ പുരാന ഖിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വർഷം എസ്‌സിഒ ഉച്ചകോടിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോഴും സംഘർഷഭരിതമായി തുടരുന്നതിനിടെയുള്ള ഈ സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യമുണ്ട്.

