2014ൽ ഇന്ത്യയിൽ ജനാധിപത്യം തകർക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം

ഹൈദരാബാദ്: 2014 മുതൽ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം പണശക്തിയും സ്ഥാപനങ്ങളുടെ നിയന്ത്രണവും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും വഴി ദുർബലപ്പെടുത്തിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൈദരാബാദിൽ നടന്ന ഭാരത് ഉച്ചകോടി 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ ഭരണകക്ഷിയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ സംവിധാനത്തിലേക്ക് വൻതോതിൽ പണം ഒഴുകിയെത്തിയെന്നും പ്രചാരണരീതികളിൽ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പുകളിൽ നേരത്തെയുണ്ടായിരുന്ന കടുത്ത മത്സരങ്ങളും സഖ്യരാഷ്ട്രീയവും അപ്രതീക്ഷിതമായി മാറി. ഈ മാറ്റം മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് ഒരു ദശാബ്ദത്തോളം വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 14 കോടി ആളുകളെ പിന്നീട് നിലവിലില്ലാത്ത വോട്ടർമാരായോ വോട്ട് ചെയ്യാത്തവരായോ കണക്കാക്കിയെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം. ഇത്രയധികം വോട്ടർമാരുടെ കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന്റെ സാധുത എങ്ങനെ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും അദ്ദേഹം വിമർശനത്തിന് വിധേയമാക്കി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം വിജയിച്ചെങ്കിലും മൂന്നുമാസത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് ലഭിച്ച വോട്ടുകൾ ഏതാണ്ട് ഒരുപോലെയായിരുന്നിട്ടും ഇടവേളയിൽ 70 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തുവെന്നും ഇവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയവും വ്യവസായവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായെന്നും രാജ്യത്തെ സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും ആരോപിച്ചു. ബിജെപിയുടെ ആസ്തി പത്തുവർഷത്തിനിടെ 11 മടങ്ങ് വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെറുപ്പിനും വിദ്വേഷത്തിനും അക്രമത്തിനും പകരം സ്നേഹം, സത്യം, അഹിംസ എന്നിവയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര ജനങ്ങളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്താനാകാത്ത വിദേശ പ്രതിനിധികളോടും രാഹുൽ ഗാന്ധി ക്ഷമാപണം നടത്തി. ചില പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നും വിസകൾ റദ്ദാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ തള്ളിയിട്ടുണ്ട്. ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *