കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലും ഭക്ഷ്യവിഷബാധ; മുപ്പതോളം പേർ ചികിത്സയിൽ

അഞ്ചുതെങ്ങ് : കടയ്ക്കാവൂരിലും അഞ്ചുതെങ്ങിലുമായി ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം പേർ ചികിത്സയിൽ. കടയ്ക്കാവൂർ തെക്കുംഭാഗം സ്കൂളിന് സമീപം വി മാർട്ടിനോട് ചേർന്നുള്ള ‘സിഗ്നേച്ചർ ഡിഷസ്’ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. തിങ്കളാഴ്ച രാത്രി ഇവിടെനിന്ന് ഷവർമയും ഷവായിയും കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

ഈ സ്ഥാപനത്തിൽ അടുത്തിടെ ആരംഭിച്ച കോമ്പോ ഓഫർ പരസ്യത്തിൽ ആകൃഷ്ടരായവരാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്വദേശികളായ ഗിരീഷ്, ദീപ, ശുഭ, സ്നേഹ, സംഗീത്, പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവർ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ഗിരീശൻ, ഉദയകുമാർ, നിരൂപമ, ഗ്രീഷ്മ, ഗൗരി നന്ദ, ഗൗതം കൃഷ്ണ എന്നിവരും, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ, മിന്നു, സെയിൽ, ആമി, ലാലി എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇവർ ഗോകുലം മെഡിക്കൽ കോളേജ്, ചിറയിൻകീഴ് വലിയകുന്ന് ഗവൺമെന്റ് ആശുപത്രി, കടയ്ക്കാവൂർ ആശ്രയ ആശുപത്രി, ജാനകി ആശുപത്രി തുടങ്ങി വിവിധ ഇടങ്ങളിലായാണ് ചികിത്സയിലുള്ളത്.

സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ഇതിനോടകം പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആശുപത്രികളിലെത്തി രോഗികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മതിയായ രേഖകളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തുടർന്ന് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് ഹോട്ടൽ പൂട്ടിച്ചതായാണ് വിവരം.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശമേഖലകളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഹോട്ടലുകളിലും അറബിക് ഭക്ഷണങ്ങളാണ് പ്രധാന വിഭവം. എന്നാൽ, ഇത്തരം സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപം പ്രദേശത്ത് ശക്തമായിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും കർശന നടപടികൾ വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *