ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിച്ച് ദൃശ്യങ്ങൾ പാകിസ്താനിലെ ഹാൻഡ്ലർമാർക്ക് കൈമാറിയെന്നാരോപിച്ച് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാല്‍ജിത് സിങ് അലിയാസ് ബിട്ടു എന്നയാളെയാണ് ദേശീയ സുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി കേസിൽ പിടികൂടിയത്.
പത്താൻകോട്ട്-ജമ്മു ദേശീയപാതയായ എൻ.എച്ച്-44ൽ സൈനിക വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തുള്ള ഒരു കടയ്ക്കു സമീപം ഇയാൾ ഇന്റർനെറ്റ് അധിഷ്ഠിത സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ക്യാമറയിലെ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെ ഓപ്പറേറ്റർമാർക്കും വിദേശത്തുള്ള മറ്റ് ബന്ധങ്ങൾക്കും കൈമാറിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജനുവരിയിലാണ് ക്യാമറ സ്ഥാപിച്ചതെന്നും ദുബായിൽ നിന്നുള്ള ഒരാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി 40,000 രൂപ ലഭിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ക്യാമറയും വൈഫൈ റൂട്ടറും പൊലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ വിക്രമ്ജിത് സിങ്, ബൽവിന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വൻ ചാരവൃത്തി ശൃംഖലയിലേക്കാണ് അന്വേഷണം നീളുന്നതെന്ന് പൊലീസ് അറിയിച്ചു. ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

