തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയന് നൽകിയിരുന്ന അതിസുരക്ഷ പിൻവലിച്ചതോടെയാണ് സന്ദീപിനെ വീണ്ടും പോലീസിലേക്ക് തിരിച്ചയച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും സുരക്ഷാ സംഘത്തിൽ തുടരുന്നുണ്ട്.
നിലവിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് വൈ-കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. 2023 ഡിസംബർ 15ന് നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. മർദനമേറ്റ എ ഡി തോമസ് എം.എൽ.എയോടും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനോടും ഹാജരാകാൻ അന്വേഷണസംഘം നിർദേശം നൽകിയിട്ടുണ്ട്.

