ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ബഹിരാകാശ യാത്രികർ ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. സെപ്റ്റംബർ 13ന് എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് ബഹിരാകാശ നിലയത്തിനുള്ളിൽ യാത്രികർ ഫുട്ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളുള്ളത്.
“ബഹിരാകാശ നിലയത്തിൽ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒന്നാണ് ഫുട്ബോൾ” എന്ന കുറിപ്പോടെയാണ് മേനോൻ വീഡിയോ പങ്കുവച്ചത്. വാരാന്ത്യങ്ങളിൽ വിശ്രമിക്കുന്നത് അടുത്ത തിരക്കേറിയ ആഴ്ചയ്ക്കായി തയ്യാറെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കുറിച്ചു.
ഭൂമിയിലെ ഫുട്ബോൾ കളിയിൽനിന്ന് വ്യത്യസ്തമായാണ് ബഹിരാകാശ നിലയത്തിലെ കളി. സൂക്ഷ്മ ഗുരുത്വാകർഷണാവസ്ഥയായതിനാൽ പന്തും യാത്രികരും നിലയത്തിനുള്ളിൽ ഒഴുകിനീങ്ങുന്ന രീതിയിലാണ് ദൃശ്യങ്ങൾ. ബഹിരാകാശ ദൗത്യത്തിലെ തിരക്കേറിയ പ്രവർത്തനങ്ങൾക്കിടയിലെ യാത്രികരുടെ വിശ്രമവേളയും പരസ്പര ഇടപെടലുകളും വ്യക്തമാക്കുന്നതാണ് വീഡിയോ.

