തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡിഎംകെ മന്ത്രിയും തിരുചെന്തൂർ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച തൂത്തുക്കുടി ജില്ലയിലെ ആതൂർ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ജൂൺ 20-ന് നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി വിജയുടെയും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഇത്തരം പരാമർശങ്ങളുടെ ആവശ്യകത എന്താണെന്ന് കോടതി ചോദ്യം ചെയ്യുകയും ഹർജി തള്ളുകയും ചെയ്തു.
അറസ്റ്റിനെതിരെ ഡിഎംകെ ശക്തമായി പ്രതിഷേധിച്ചു. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. അതേസമയം, തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ഭരണകക്ഷിയിൽ ചേരാൻ സമ്മർദമുണ്ടായിരുന്നുവെന്നുമാണ് അനിത രാധാകൃഷ്ണന്റെ പ്രതികരണം.

