മണ്ണാർക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവ വേദിയിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ചടങ്ങിന്റെ ഉദ്ഘാടകനായി എത്തിയതായിരുന്നു അദ്ദേഹം.
മികച്ച വിജയം സ്വന്തമാക്കി സർട്ടിഫിക്കറ്റും ഉപഹാരവും ഏറ്റുവാങ്ങാൻ അഭിമാനത്തോടെ വേദിയിലെത്തിയ കുട്ടികളോട് സ്വന്തം വിലാസം എഴുതാൻ കെ.ടി. ജലീൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ചില കുട്ടികൾക്ക് എഴുത്തിൽ അക്ഷരത്തെറ്റുകൾ സംഭവിച്ചതോടെ, “തനിക്ക് സ്വന്തം അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് മൈക്കിലൂടെ പരസ്യമായി ശാസിക്കുകയായിരുന്നു.
കഠിനാധ്വാനം ചെയ്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി, രക്ഷിതാക്കൾക്കൊപ്പം സന്തോഷത്തോടെ എത്തിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും വൻ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അപമാനിച്ച നടപടിക്കെതിരെ ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നു. ഒരു പൊതുവേദിയിൽ, അതും വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സ്വീകരിച്ച ഈ നിലപാട് തികച്ചും അനുചിതമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

