ഡൽഹിയിൽ ഷൂ ഫാക്ടറിക്ക് തീപിടിച്ച് നാല് മരണം; രണ്ട് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ മംഗോൾപുരി വ്യവസായ മേഖലയിലെ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

മംഗോൾപുരി വ്യവസായ മേഖലയിലെ ഫേസ് ഒന്നിലുള്ള ഫാക്ടറിയുടെ ബേസ്‌മെന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീയും പുകയും കെട്ടിടത്തിന്റെ മുകൾ നിലകളിലേക്ക് വ്യാപിച്ചതോടെ ഫാക്ടറിയിലുണ്ടായിരുന്നവർ കുടുങ്ങി.

വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസിന്റെ 20 അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ ആറ് പേരെ അബോധാവസ്ഥയിൽ പുറത്തെടുത്ത് മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ നാല് പേരെ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.

ബേസ്‌മെന്റിൽ ആരംഭിച്ച തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായി അധികൃതർ അറിയിച്ചു. തീ പൂർണമായും അണച്ചതിനു പിന്നാലെ കെട്ടിടത്തിൽ തണുപ്പിക്കൽ നടപടികളും തുടർന്നു.

സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ഫാക്ടറി ഉടമയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവസമയത്ത് ഫാക്ടറിയിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്താൻ കരാറുകാരെയും തൊഴിലാളികളെയും ചോദ്യം ചെയ്യുന്നുണ്ട്.

തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *