സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്രാ പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങ് നടക്കും. മുഖ്യമന്ത്രി തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള യാത്ര ബസിൽ നടത്തും.

ഉദ്ഘാടന യാത്രയിൽ ഗതാഗത മന്ത്രി സി.പി. ജോൺ, വനിതാ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, മന്ത്രി കെ. മുരളീധരൻ എന്നിവരും പങ്കെടുക്കും. തുടർന്ന് തമ്പാനൂരിൽ നിന്ന് പെരുമാതുറയിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഓർഡിനറി കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് സർക്കാർ പേര് നൽകിയിരിക്കുന്നത്. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി പ്രത്യേക ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ ബസുകളുടെ വാതിലുകളിൽ പതിപ്പിക്കും. സിറ്റി ഫാസ്റ്റ് ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാകില്ല.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് പ്രതിമാസം ഏകദേശം 70 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *