മെൽബൺ: ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായി ഓസ്ട്രേലിയയിലെത്തി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ അഭിഷേക് അവസ്തി. ഗ്രേറ്റർ ബെൻഡിഗോ സിറ്റി കൗൺസിലിന്റെ പുതിയ മേയറായി കൗൺസിലർ അഭിഷേക് അവസ്തി തിരഞ്ഞെടുക്കപ്പെട്ടു.
ഇരുന്നൂറ്റമ്പതോളം പേർ പങ്കെടുത്ത ചടങ്ങിൽ എതിരില്ലാതെ ഐകകണ്ഠ്യേനയാണ് അദ്ദേഹം മേയർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയായി ബെൻഡിഗോയിലെത്തി നഗരത്തിന്റെ അമരക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഏവർക്കും പ്രചോദനം നൽകുന്ന നാഴികക്കല്ലാണ്. തന്റെ വിജയം ബെൻഡിഗോയെ സ്വന്തം നാടായി തിരഞ്ഞെടുത്ത പ്രവാസികൾക്കും കുടിയേറ്റക്കാർക്കുമായി സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ ബെൻഡിഗോയുടെ സുവർണ്ണ ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

