കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ തുക നൽകി വ്യക്തിഗത സ്പോൺസർഷിപ്പ്; ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങുന്നതിനായി സ്വകാര്യ വ്യക്തിയുടെ സാമ്പത്തിക സഹായം. അങ്കമാലി മൂക്കന്നൂർ സ്വദേശിയായ ജോസാണ് പുതിയ ബസ് നിരത്തിലിറക്കാനായി 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങുന്നതിനുള്ള തുക നൽകുന്നത്.

മന്ത്രിസഭാ യോഗത്തിന് തൊട്ടുമുമ്പായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് ജോസിനെ മുഖ്യമന്ത്രി വി.ഡി. സതീശന് പരിചയപ്പെടുത്തിയത്. തുടർന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കൈമാറി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ബസുകൾ സ്പോൺസർ ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. വ്യക്തികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, ഇതര സംഘടനകൾ എന്നിവർക്കും സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് പ്രയോജനപ്പെടുത്തി ഈ പദ്ധതിയിൽ പങ്കാളികളാകാമെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *