തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള (എഫ്.ഡബ്ല്യു.ജെ.കെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ നവംബർ ആദ്യവാരത്തിൽ നെയ്യാറ്റിൻകരയിൽ നടക്കും. പേട്ട യങ്സ്റ്റേഴ്സ് ക്ലബ്ബിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സെമിനാറിൽ മന്ത്രിമാർ, എം.എൽ.എമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, സംഘടനാ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് പി.എം. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ എറണാകുളം സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം വിപുലീകരിക്കാനും എല്ലാ മാസവും യോഗം ചേരാനും യോഗത്തിൽ തീരുമാനമായി. കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഉൾപ്പെടുത്തി പ്രത്യേക പരിപാടികൾ നടത്താൻ കമ്മിറ്റിയംഗം നെയ്യാറ്റിൻകര കൃഷ്ണനെ ചുമതലപ്പെടുത്തി. ആദ്യ പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പിന്നണി ഗായകൻ ജി. വേണുഗോപാലിനെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രധാന തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ നടപ്പിലാക്കാവൂ എന്നും യോഗം വ്യക്തമാക്കി.
സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി ശരൺ, ഓർഗനൈസിംഗ് സെക്രട്ടറി രാജൻ വി. പൊഴിയൂർ, സെക്രട്ടറിമാരായ എ. അബൂബക്കർ, ബൈശി വർക്കല, വൈസ് പ്രസിഡന്റുമാരായ അനീഷ് ലാലാജി, മഹമൂദിയ തൃശ്ശൂർ, സംസ്ഥാന സമിതി അംഗങ്ങളായ സുനിൽ ദത്ത് സുകുമാരൻ, നെയ്യാറ്റിൻകര കൃഷ്ണൻ, ജില്ലാ സെക്രട്ടറി ബി.ബി. സാജൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ എസ്. വർക്കല സ്വാഗതവും സെക്രട്ടറി അജ്മൽ ഖാൻ നന്ദിയും പറഞ്ഞു.

