ജർമനിയിൽ തെരുവിലിറങ്ങി ജെൻ സി; 34 നഗരങ്ങളിൽ പ്രതിഷേധം, ഫ്രാങ്ക്ഫർട്ടിൽ സംഘർഷം

ബെർലിൻ: ‘Gen Z regelt’ (ജെൻ സി ഏറ്റെടുക്കുന്നു) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്, ഹാംബർഗ്, കൊളോൺ തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്തു. 1.82 ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാൽ സംഘാടകരുടെ കണക്കുകളും പൊലീസ് പുറത്തുവിട്ട പങ്കാളിത്ത കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു.

സർക്കാർ വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്നും പൊതുസേവനങ്ങൾക്കുള്ള ചെലവ് വെട്ടിക്കുറയ്ക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വർധിച്ചുവരുന്ന ജീവിതച്ചെലവും യുവാക്കളുടെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും പ്രതിഷേധത്തിൽ പ്രധാന വിഷയങ്ങളായി. സൈനിക ചെലവ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെയും നിർബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാനുള്ള സാധ്യതയെയും യുവാക്കൾ എതിർത്തു.

ജർമനിയിൽ സൈനികരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സന്നദ്ധ സൈനിക സേവന മാതൃക നടപ്പാക്കാനുള്ള നീക്കമാണ് യുവാക്കളുടെ ആശങ്കയ്ക്ക് കാരണം. ഇത് ഭാവിയിൽ നിർബന്ധിത സൈനിക സേവനത്തിലേക്ക് വഴിതെളിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ഭയം.

അതേസമയം, ഫ്രാങ്ക്ഫർട്ടിൽ പ്രതിഷേധം രാത്രിയോടെ അക്രമാസക്തമായി. മുഖംമൂടി ധരിച്ച ചിലർ കടകളുടെ ജനൽച്ചില്ലുകൾ തകർക്കുകയും വ്യാപാരസ്ഥാപനങ്ങളിൽ കൊള്ള നടത്തുകയും ചെയ്തു. രണ്ട് കടകളെങ്കിലും കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ. പൊലീസിനുനേരെ പടക്കങ്ങളും കല്ലുകളും കുപ്പികളും എറിഞ്ഞതിനെ തുടർന്ന് ജലപീരങ്കിയും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

ഹാംബർഗ്, കൊളോൺ, ലീപ്സിഗ്, ബോൺ തുടങ്ങിയ നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചിലയിടങ്ങളിൽ തെരുവ് ബാരിക്കേഡുകൾക്ക് തീയിട്ടു. സംഘർഷത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും അറസ്റ്റുകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും സമാധാനപരമായിരുന്നുവെന്നും തീവ്രവാദ സംഘടനകൾ പ്രതിഷേധത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, അക്രമപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ പ്രതിഷേധസംഘാടകർ വംശീയതയ്ക്കും വിദ്വേഷപ്രചാരണത്തിനും ഭരണഘടനാവിരുദ്ധ ചിഹ്നങ്ങൾക്കും തങ്ങൾ എതിരാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *