ന്യൂഡൽഹി: ശൈത്യകാലത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പുതിയ വാഹന നിയന്ത്രണങ്ങൾ നിലവിൽ വന്നു. നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത ബിഎസ്-6 നിലവാരത്തിൽ താഴെയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതും നിരോധിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കും കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങൾക്കും പ്രവേശന നിയന്ത്രണത്തിൽ ഇളവുണ്ട്. ആംബുലൻസുകൾ, അഗ്നിരക്ഷാ സേനാ വാഹനങ്ങൾ തുടങ്ങിയ അവശ്യസേവന വാഹനങ്ങളെയും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘നോ പിയുസി, നോ ഫ്യൂവൽ’ നയം പ്രകാരം സാധുവായ പിയുസി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ, സിഎൻജി എന്നിവ ലഭിക്കില്ല. ഇതിനായി ഡൽഹിയിലെ 500 ഇന്ധന വിതരണ കേന്ദ്രങ്ങളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പരിശോധിച്ച് സർട്ടിഫിക്കറ്റിന്റെ കാലാവധി ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഡൽഹി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗുഡ്ഗാവ്, നോയിഡ തുടങ്ങിയ സമീപ നഗരങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ക്യാമറകൾ വഴിയും നിയമലംഘനങ്ങൾ കണ്ടെത്തി ഇ-ചലാൻ നൽകും.
വാഹന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാർക്കിങ് നിരക്കുകൾ ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. നവംബർ ഒന്ന് മുതൽ ഫെബ്രുവരി 28 വരെയാണ് ഈ നടപടി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രം നേരിട്ട് ജോലിക്കെത്തിയാൽ മതിയെന്നും ബാക്കിയുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി വിവിധ സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പൊടിപടലങ്ങൾ കുറയ്ക്കുന്നതിനായി പൊടി ഉയരാൻ സാധ്യതയുള്ള നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾ ജനുവരി 31 വരെ നിയന്ത്രിച്ചിട്ടുണ്ട്. അവശ്യ പൊതുമരാമത്ത് പദ്ധതികൾക്ക് നിബന്ധനകളോടെ ഇളവുണ്ട്. ഡിസംബർ 10 മുതൽ ജനുവരി 20 വരെ നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ശൈത്യകാലത്ത് ഡൽഹിയിലെ വായുനിലവാരം മോശമാകുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നടപടികൾ ശക്തമാക്കിയത്. വാഹനങ്ങളിൽനിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങളിലെ പൊടി, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കുകയാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.

