ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വെള്ളിയാഴ്ചത്തെ സന്ദർശനത്തിന് മുന്നോടിയായി ഗുരുവായൂർ നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഹെലികോപ്റ്റർ ട്രയൽ റണ്ണും പൂർത്തിയായി. രാഷ്ട്രപതി വന്നിറങ്ങുന്ന അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് മൈതാനത്തെ ഹെലിപാഡിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്ത് വട്ടമിട്ടുപറന്ന ശേഷം സുരക്ഷിതമായി ഇറങ്ങി പരിശോധന നടത്തി. വ്യാഴാഴ്ചയും ട്രയൽ റൺ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശന വേളയിൽ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പ്രത്യേക ഉപഹാരമായി ‘സ്വർണക്കോലത്തിന്റെ’ ചെറുപതിപ്പും കുമിഴ് മരത്തിൽ കൊത്തിയെടുത്ത മനോഹരമായ ശ്രീകൃഷ്ണ വിഗ്രഹവുമാണ് രാഷ്ട്രപതിക്ക് സമ്മാനിക്കുക. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഹെലിപാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അല്പസമയം വിശ്രമിച്ച ശേഷം 3.50-ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും.
ദർശനം പൂർത്തിയാക്കി വൈകീട്ട് 4.30-ന് രാഷ്ട്രപതി ഗുരുവായൂരിൽ നിന്ന് മടങ്ങും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാഷ്ട്രപതി മടങ്ങുന്നതുവരെ ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംഗ്ഷൻ വരെയും നഗരപരിധിയിലും കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി തിരിഞ്ഞുപോകണം. സ്വകാര്യ ബസുകൾ പടിഞ്ഞാറെ നട കമ്പിപ്പാലത്തിന് സമീപമുള്ള സ്റ്റാൻഡിലാണ് പാർക്ക് ചെയ്യേണ്ടത്. ഇതിനുപുറമെ ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. രാഷ്ട്രപതി ക്ഷേത്രത്തിലുള്ള സമയത്ത് ഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടാതെ, ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന അഞ്ച് നൃത്തസംഘങ്ങളുടെ പരിപാടികൾ മാറ്റിവെച്ചതായും ദേവസ്വം അധികൃതർ അറിയിച്ചു.
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ എത്തുന്ന രാഷ്ട്രപതി ആദ്യം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലാണ് ദർശനം നടത്തുക. രാവിലെ 11 മണിക്ക് കാലടിയിലെത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം 11.30-ന് അവിടെനിന്ന് മടങ്ങും. ഇതിനോടനുബന്ധിച്ച് രാവിലെ മുതൽ വൈകീട്ട് നാല് മണി വരെ കാലടി ക്ഷേത്രത്തിലും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

