അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് വ്യാപനത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു. നെതർലാൻഡ്സ് ആസ്ഥാനമായുള്ള എംവി ഹോണ്ടിയസ് (MV Hondius) എന്ന കപ്പലിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
അർജന്റീനയിൽ നിന്ന് ക്യാപ് വെർഡേക്ക് യാത്രതിരിച്ചിരുന്ന കപ്പലിൽ ആകെ ആറുപേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇവരിൽ ഒരാൾക്ക് ഹന്താവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഞ്ചുപേർക്ക് സംശയാസ്പദമായ ലക്ഷണങ്ങളുണ്ടെന്നും ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.
രോഗ ബാധിതരിൽ മൂന്ന് പേർ മരണപ്പെട്ടു. മറ്റ് ചിലർ ഗുരുതരാവസ്ഥയിലാണ് ചികിത്സയിൽ കഴിയുന്നത്. ഒരാൾ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായും റിപ്പോർട്ടുണ്ട്.
രോഗബാധയെ തുടർന്ന് കപ്പൽ ക്യാപ് വെർഡിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. ചില രോഗികളെ അടിയന്തരമായി ഒഴിപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ നടപടികൾ പുരോഗമിക്കുന്നു.
എലികളിൽ നിന്നുള്ള മലമൂത്രവുമായി സമ്പർക്കത്തിലൂടെയാണ് സാധാരണയായി ഹന്താവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും ഈ വൈറസ് കാരണമാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രവർത്തകർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

