മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി: മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സി.പി. ജോണിന്റെ നിർദ്ദേശം

തിരുവനന്തപുരം: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കനത്ത പിഴയടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ സി.പി. ജോൺ അറിയിച്ചു. മാലിന്യം തള്ളുന്നവരോടും അതിന് കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങളോടും യാതൊരു തരത്തിലുള്ള ദാക്ഷണ്യവുമുണ്ടാവില്ല. ഇക്കാര്യത്തിൽ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കടുത്ത ജാഗ്രത പാലിക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ കടുത്ത വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് മന്ത്രി ഈ കർശന മുന്നറിയിപ്പ് നൽകിയത്.

നഗരത്തിലെ വെള്ളക്കെട്ടിന് ഇടയാക്കിയ കാരണങ്ങൾ വിശദമായി പഠിച്ച് സമയബന്ധിതമായി പരിഹാരം കാണും. വിവിധ വകുപ്പുകളുടെയും കോർപ്പറേഷന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, വെള്ളക്കെട്ടിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഇത് ഒഴിവാക്കാൻ ഹ്രസ്വ-ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശകലനം ചെയ്ത് മൂന്ന് ദിവസത്തിനകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ, കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.

തീരശോഷണം പരിഹരിക്കുന്നതിനായി വലിയതുറ, ശംഖുംമുഖം ഭാഗങ്ങളിൽ ജിയോ ബാഗുകൾ നിരത്തുന്ന ജോലി പുരോഗമിക്കുകയാണെന്നും തീരദേശവാസികളുടെ ആശങ്കകൾ അകറ്റാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിൽ ചില അപാകതകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ അനു കുമാരി ചൂണ്ടിക്കാട്ടി. ചില്ലകൾ മുറിക്കുമ്പോൾ മറ്റ് അപകടങ്ങൾക്ക് സാധ്യതയില്ലാത്ത വിധം ശാസ്ത്രീയമായ രീതികൾ അവലംബിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ അനു കുമാരി, എഡിഎം നിർമ്മൽ കുമാർ ജി, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *