പൂനെയിൽ കനത്ത മഴ; മണ്ണിടിച്ചിലും മതിൽ തകർച്ചയും, നാല് മരണം

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലും മതിൽ തകർച്ചയും ഉൾപ്പെടെയുള്ള മഴക്കെടുതികളിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. മഴയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ രണ്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

മാവൽ താലൂക്കിലെ പാടൻ ഗ്രാമത്തിൽ കനത്ത മഴയെ തുടർന്ന് വിശാപൂർ കോട്ടയുടെ ഭാഗം ഇടിഞ്ഞുവീണ് സമീപത്തെ വീട് മണ്ണിനടിയിലായതോടെയാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, പ്രാദേശിക രക്ഷാസംഘങ്ങൾ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പിംപ്രി-ചിഞ്ച്‌വാഡിലെ നിഗ്ഡി മേഖലയിൽ സംരക്ഷണഭിത്തി തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഖേഡ് താലൂക്കിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ പ്രളയജലം ഒഴുക്കിക്കൊണ്ടുപോയതായും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് പൂനെ ജില്ലയിൽ 22 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 568 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുംബൈ–പൂനെ എക്സ്പ്രസ് വേയിലും മറ്റ് പ്രധാന റോഡുകളിലും മണ്ണിടിച്ചിൽ ഗതാഗതത്തെ ബാധിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *