ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
ഒമാനിലെ ലിമാ തീരത്തുനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന് ഇരയായ കപ്പലിന്റെ പേരോ ആക്രമണത്തിന് പിന്നിലുള്ളവരോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ വാണിജ്യക്കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്ന് യുകെഎംടിഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള എണ്ണക്കയറ്റുമതിയിലെ പ്രധാന സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

