മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു: വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ: മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരദേശ സംസ്ഥാനങ്ങളിൽ കാലവർഷം അതിശക്തമായി തുടരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, ഗുജറാത്ത്, ഗോവ, കൊങ്കൺ മേഖലകളിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ തീരദേശ-മലയോര മേഖലകളിൽ അതിതീവ്ര മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിൽ മാത്രം 600 മില്ലിമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്.

ഘാട്ട് (മലയോര) മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ശക്തമായതിനെ തുടർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നാസിക്, ത്രയംബകേശ്വർ മേഖലകളിൽ മേഘവിസ്ഫോടനത്തിന് സമാനമായ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനെ തുടർന്ന് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കനത്ത മഴയുടെയും വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്തും മുംബൈ, താനെ, നവി മുംബൈ, പൂനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്ന മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ തടസ്സങ്ങൾ നീക്കി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന എന്നിവരുടെ ഒന്നിലധികം സംഘങ്ങളെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ ഇതിനകം വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *