ന്യൂഡൽഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി പ്രധാനമന്ത്രി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന പരസ്പര വിശ്വാസം പ്രതിരോധ മേഖലയിലെ സഹകരണത്തിന് വരുംദിവസങ്ങളിൽ കൂടുതൽ കരുത്തുപകരുമെന്ന് ചർച്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
നീല സമ്പദ്വ്യവസ്ഥ (ബ്ലൂ ഇക്കോണമി), തുറമുഖ വികസനം, സമുദ്ര കേന്ദ്രീകൃതമായ വ്യാപാരം എന്നിവയിൽ സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും തീരദേശ സേനകൾ (കോസ്റ്റ് ഗാർഡ്) സംയുക്തമായി പ്രവർത്തിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണത്തിൽ നിർണായക വഴിത്തിരിവാകുന്നതാണ് ഈ തീരുമാനം. ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക വികസനത്തിനും ഈ പങ്കാളിത്തം ആക്കം കൂട്ടുമെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

