ഭോജ്ശാല സമുച്ചയം ക്ഷേത്രമെന്ന് ഹൈക്കോടതി; നമസ്കാരം നിർത്താൻ നിർദേശം

മദ്ധ്യ പ്രദേശിലെ ധർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല-കമാൽ മൗലാ സമുച്ചയം ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു. സമുച്ചയത്തിൽ മുസ്ലിംകൾക്ക് നമസ്കാരം നടത്താൻ അനുവദിച്ചിരുന്ന 2003ലെ പുരാവസ്തു സർവേ വകുപ്പിന്റെ (ASI) ഉത്തരവും കോടതി റദ്ദാക്കി. ജസ്റ്റിസ് വിജയ് കുമാർ ശുക്ലയും ജസ്റ്റിസ് അലോക് അവസ്ഥിയും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭോജ്ശാല ദേവി വാഗ്ദേവി സരസ്വതിക്കു സമർപ്പിച്ച ക്ഷേത്രവും സംസ്കൃത പഠനകേന്ദ്രവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു ആരാധനയുടെ പാരമ്പര്യം ഇവിടെ തുടർച്ചയായി നിലനിന്നിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

2003ലെ എ എസ് ഐ ക്രമീകരണപ്രകാരം ഹിന്ദുക്കൾക്ക് ചൊവ്വാഴ്ച പൂജയും മുസ്ലിംകൾക്ക് വെള്ളിയാഴ്ച നമസ്കാരവും അനുവദിച്ചിരുന്നു. എന്നാൽ ഈ ക്രമീകരണം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സമുച്ചയത്തിന്റെ ഭരണ-നിർവഹണ ചുമതല കേന്ദ്രസർക്കാരിനും എ എസ് ഐ ക്കും കൈകാര്യം ചെയ്യാമെന്നും കോടതി നിർദേശിച്ചു. മുസ്ലിം സമുദായത്തിന് ധർ ജില്ലയിൽ പള്ളി നിർമിക്കാൻ പകരം ഭൂമി അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ നിയമാനുസൃതമായി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധർ നഗര ഖാസി വഖർ സാദിഖ് അറിയിച്ചു. വിധിക്ക് മുന്നോടിയായി ഭോജ്ശാല പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഏകദേശം 1200 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *