ജനസംഖ്യാ വർധന നിയന്ത്രിക്കാൻ പാകിസ്താനിൽ ഉന്നതതല സമിതി; അസിം മുനീറും അംഗം

ഇസ്ലാമാബാദ്: രാജ്യത്തെ അതിവേഗ ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാൻ പാകിസ്താൻ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയിൽ ഫീൽഡ് മാർഷൽ അസിം മുനീറിനെയും അംഗമാക്കി.

ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാൽ സെനറ്റ് സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രി മുഹമ്മദ് ഔറംഗസേബും ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാലും സമിതിയിലെ അംഗങ്ങളാണ്. ജനസംഖ്യാ നിയന്ത്രണ വിഷയത്തിന് സർക്കാർ ഏറ്റവും ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്നും ഇതിനായി സുപ്രധാന നയതീരുമാനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനസംഖ്യാ വർധന രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും വിഭവവിതരണത്തിനും പൊതുസേവനങ്ങൾക്കും വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്. സമിതി ശുപാർശകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *