ചരിത്രപ്രസിദ്ധമായ അബോറിജിനൽ ആദിവാസി പാറ ഗുഹ ബുൾഡോസർ ഉപയോഗിച്ചു തകർത്തു; ഓസ്‌ട്രേലിയയിൽ പുനരുപയോഗ ഊർജ്ജ പദ്ധതിക്കെതിരെ ആദിവാസി സമൂഹം രംഗത്ത്

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിൽ (NSW) ഹരിത ഊർജ്ജ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്നതിനിടെ, ചരിത്രപ്രസിദ്ധമായ അബോറിജിനൽ ആദിവാസി പാറ ഗുഹ (Aboriginal Rock Shelter) പൂർണ്ണമായി തകർത്ത കരാറുകാരുടെ നടപടിക്കെതിരെ ആദിവാസി സമൂഹത്തിൽ നിന്നും ഭരണകർത്താക്കളിൽ നിന്നും കടുത്ത പ്രതിഷേധം. സിഡ്നിയിൽ നിന്നും 300 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ‘സെൻട്രൽ-വെസ്റ്റ് ഓറാന’ പുനരുപയോഗ ഊർജ്ജ മേഖലയിലാണ് സംഭവം.

പ്രകൃതിക്ഷോഭങ്ങളിൽ നിന്നും ശക്തമായ കാറ്റിൽ നിന്നും സംരക്ഷണം നൽകിയിരുന്ന, ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങൾ അടങ്ങിയ 4×2 മീറ്റർ വലിപ്പമുള്ള ഈ പൈതൃക ഗുഹ കഴിഞ്ഞ മാർച്ചിലാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. പദ്ധതിയുടെ കരാർ ഏറ്റെടുത്ത ‘അസെറെസ്’ എന്ന കമ്പനി മെയ് മാസത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. പൈതൃക ഗുഹ സംരക്ഷി ക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ തങ്ങൾക്ക് വീഴ്ച പറ്റിയെന്നും പരമ്പരാഗത ഉടമകളോടും തദ്ദേശീയ സമൂഹത്തോടും നിബന്ധനകളില്ലാതെ ക്ഷമാപണം നടത്തുന്നുവെന്നും കമ്പനി വക്താവ് അറിയിച്ചു.

എന്നാൽ, വെറുമൊരു ഖേദപ്രകടനം കൊണ്ട് ഈ നഷ്ടം നികത്താനാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും തദ്ദേശീയ ഗോത്ര നേതാവായ തോമസ് ഡാൾസ്ട്രോം ആവശ്യപ്പെട്ടു. നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത സാംസ്കാരിക പൈതൃകമാണെന്നും ‘അസെറെസ്’ കമ്പനി സി.ഇ.ഒ രാജിവെക്കണമെന്നും ഫെഡറൽ സ്വതന്ത്ര എം.പി ആൻഡ്രൂ ഗീ ആവശ്യപ്പെട്ടു.

സംഭവത്തിൽ ന്യൂ സൗത്ത് വെയ്ൽസ് പരിസ്ഥിതി-ഊർജ്ജ മന്ത്രി പെന്നി ഷാർപ്പ് കടുത്ത അമർഷം രേഖപ്പെടുത്തി. പദ്ധതിയുടെ പൈതൃക സംരക്ഷണ പ്ലാനിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നിട്ടും ഗുഹ തകർത്തത് അംഗീകരിക്കാനാകില്ലെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അവർ വ്യക്തമാക്കി. പൈതൃക സംരക്ഷണ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവുമായി ന്യൂ സൗത്ത് വെയ്ൽസ് അബോറിജിനൽ ലാൻഡ് കൗൺസിലും രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുമായുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടെന്നും മേഖലയിലെ മറ്റ് പൈതൃക സൈറ്റുകൾക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ ഫെഡറൽ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *