സിഡ്നി: ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്നും 600 കിലോമീറ്റർ അകലെയുള്ള ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ലോർഡ് ഹൗ (Lord Howe) ദ്വീപിൽ അപൂർവ പ്രാണിവർഗ്ഗങ്ങൾ വൻതോതിൽ പെരുകുന്നതായി ഗവേഷകർ. ദ്വീപിലെ ജൈവവൈവിധ്യത്തിന് ഭീഷണിയായിരുന്ന മുക്കാൽ ലക്ഷത്തോളം വരുന്ന വിദേശി എലികളെ (Invasive rats and mice) ഏഴ് വർഷം മുൻപ് പൂർണ്ണമായി നിർമാർജനം ചെയ്തതോടെയാണ് ഇവിടുത്തെ പ്രാണികൾ കൂട്ടത്തോടെ തിരിച്ചെത്തിയത്.
‘ബയോളജിക്കൽ ഇൻവേഷൻസ്’ (Biological Invasions) എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2019-ലെ എലി നിർമാർജന പദ്ധതിക്ക് ശേഷം ദ്വീപിലെ പ്രാണികളുടെയും വണ്ടുകളുടെയും എണ്ണത്തിൽ 60 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഡ്നി സർവകലാശാലയിലെയും എൻ.എസ്.ഡബ്ല്യു (NSW) സർക്കാരിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
പത്തൊൻപതാം നൂറ്റാണ്ടിലും 1918-ലും കപ്പൽ മാർഗ്ഗം ദ്വീപിലെത്തിയ എലികൾ ഇവിടുത്തെ തദ്ദേശീയ സസ്യങ്ങളെയും ജീവികളെയും വ്യാപകമായി തിന്നുതീർത്തിരുന്നു. ഇത് അഞ്ച് പക്ഷി വർഗ്ഗങ്ങളുടെയും 13 പ്രാണിവർഗ്ഗങ്ങളുടെയും പൂർണ്ണമായ വംശനാശത്തിന് കാരണമായി. എലികളുടെ ശല്യം ഒഴിഞ്ഞതോടെ കാടുകൾ വീണ്ടും തഴച്ചുവളരാൻ തുടങ്ങിയെന്നും, വംശനാശം സംഭവിച്ചുവെന്ന് കരുതിയ അപൂർവ ഇനം ചെല്ലികൾ (Weevil) ഉൾപ്പെടെയുള്ളവ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്നും പ്രകൃതിശാസ്ത്രജ്ഞനായ ഇയാൻ ഹട്ടൻ വ്യക്തമാക്കി. പ്രാണികളുടെ എണ്ണം കൂടിയത് ദ്വീപിലെ അപൂർവ പക്ഷികൾക്കും ഒന്തുകൾക്കും ആവശ്യത്തിന് ആഹാരമാകുന്നുണ്ടെന്നും ഇവിടുത്തെ പരിസ്ഥിതി വ്യവസ്ഥ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.

