മെൽബൺ: ലോകപ്രശസ്ത കെ-പോപ്പ് ബാന്റായ ബി.ടി.എസിന്റെ (BTS) ഓസ്ട്രേലിയൻ കൺസേർട്ടുമായി ബന്ധപ്പെട്ട് പ്രമുഖ ടിക്കറ്റിങ് കമ്പനിയായ ‘ടിക്കറ്റ് മാസ്റ്റർ’ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം. അടുത്ത ആഴ്ച ടിക്കറ്റ് വിൽപന ആരംഭിക്കാനിരിക്കെ, നിരക്കുകളോ സ്റ്റേഡിയത്തിലെ സീറ്റിങ് മാപ്പോ മുൻകൂട്ടി പുറത്തുവിടാൻ കമ്പനി തയ്യാറാകാത്തതാണ് വിവാദത്തിന് കാരണമായത്. കമ്പനിയുടേത് ഉപഭോക്താക്കളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന ചൂഷണ നയമാണെന്ന് ആരാധകർ ആരോപിക്കുന്നു.
ടിക്കറ്റ് വാങ്ങാനുള്ള ഡിജിറ്റൽ ക്യൂവിൽ പ്രവേശിച്ച ശേഷം പെട്ടെന്ന് വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് ആരാധകർ വ്യക്തമാക്കി. നിരക്കുകൾ മുൻകൂട്ടി പ്രഖ്യാപിക്കാത്തതിലൂടെ ഓരോരുത്തരിൽ നിന്നും വ്യത്യസ്ത നിരക്കുകൾ ഈടാക്കാനും ഉപഭോക്താക്കളെ കെണിയിൽ പെടുത്താനും കമ്പനിക്ക് സാധിക്കുമെന്ന് കൺസ്യൂമർ പോളിസി റിസർച്ച് സെന്ററും (CPRC) മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളിലെല്ലാം നിരക്കുകൾ പരസ്യപ്പെടുത്തിയപ്പോൾ ഓസ്ട്രേലിയയോട് മാത്രം ഈ വിവേചനം കാണിച്ചതിനെതിരെ ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനിൽ (ACCC) ഔദ്യോഗികമായി പരാതി നൽകാൻ ആരാധക കൂട്ടായ്മകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
നിലവിലെ ഉപഭോക്താക്കളുടെ പരാതികളുടെ പശ്ചാത്തലത്തിൽ, ഓൺലൈൻ വിപണിയിൽ ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കി പണം ചിലവഴിപ്പിക്കുന്ന ‘ഡിജിറ്റൽ ഡാർക്ക് പാറ്റേൺസ്’ പോലുള്ള അന്യായമായ വ്യാപാര രീതികൾ തടയുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ഭേദഗതി ബിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഫെഡറൽ മത്സരകാര്യ മന്ത്രി ആൻഡ്രൂ ലീഗ് വ്യക്തമാക്കി. ഓൺലൈൻ രംഗത്തെ ഇത്തരം കൃത്രിമ തന്ത്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

