മെൽബൺ: ഓസ്ട്രേലിയയുടെ ചരിത്രത്തിലാദ്യമായി തദ്ദേശീയ വിഭാഗങ്ങളുമായി (Indigenous People) ഔദ്യോഗിക കരാറിൽ (Treaty) ഏർപ്പെടുന്ന ആദ്യ സംസ്ഥാനമായി വിക്ടോറിയ മാറി. ‘ഫസ്റ്റ് പീപ്പിൾസ് അസംബ്ലി’ക്ക് (First Peoples’ Assembly) നേതൃത്വം നൽകാൻ പ്രമുഖ സെനറ്റർ ലിഡിയ തോർപ്പിന്റെ സഹോദരങ്ങളിലൊരാളായ മെറിക്കി ഓനസ് നിയമിതയായി. ജാരൻ മുറെ-ജാക്സണൊപ്പമാണ് മെറിക്കി ഈ സമിതിയെ നയിക്കുക. ഇവർക്ക് പ്രതിവർഷം 3,48,000 ഡോളർ വീതമാണ് ശമ്പളമായി ലഭിക്കുക.
മേയ് 1-ന് നിലവിൽ വന്ന 33 അംഗ സമിതിയുടെ പ്രധാന ലക്ഷ്യം വിക്ടോറിയൻ സർക്കാരുമായി തദ്ദേശീയരുടെ അവകാശങ്ങൾക്കായുള്ള കരാറുകൾ രൂപീകരിക്കുക എന്നതാണ്. എന്നാൽ, ഈ നീക്കം നികുതിദായകർക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യത വരുത്തിവെക്കുമെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി.
വിക്ടോറിയൻ പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ ഈ സമിതിയെ ‘നൂറു കോടി ഡോളറിന്റെ ബ്യൂറോക്രസി’ എന്നാണ് വിശേഷിപ്പിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ ഈ സമിതി നിർത്തലാക്കുമെന്നും ആ തുക അവശ്യ സേവനങ്ങൾക്കായി മാറ്റിവെക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഇതുവരെ ട്രീറ്റി നടപടികൾക്കായി ഏകദേശം 77.6 കോടി ഡോളർ ചിലവായതായാണ് കണക്ക്.
വിക്ടോറിയൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഓരോ പുതിയ നിയമവും ഇനി ഈ തദ്ദേശീയ സമിതിയുടെ പരിശോധനയ്ക്ക് കൂടി വിധേയമാക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ ക്രിമിനൽ നിയമപരിഷ്കാരങ്ങളെയും സുരക്ഷാ നടപടികളെയും വൈകിപ്പിക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.പുതിയ കരാർ പ്രകാരം പ്രെപ് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ പാഠ്യപദ്ധതിയിൽ ‘സത്യം പറയൽ’ (Truth-telling) എന്ന ഭാഗം ഉൾപ്പെടുത്തും. വിക്ടോറിയൻ കോളനി രൂപീകരിച്ചത് തദ്ദേശീയരുടെ അനുമതിയില്ലാതെയാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
മലകൾ, നദികൾ, സ്റ്റേറ്റ് പാർക്കുകൾ എന്നിവയ്ക്ക് തദ്ദേശീയ ഭാഷയിലുള്ള പേരുകൾ നൽകാൻ സമിതിക്ക് അധികാരമുണ്ടാകും. കൂടാതെ, ആൽപൈൻ മേഖലകളിലെ സ്കീയിംഗ്, വേട്ടയാടൽ, മീൻപിടുത്തം എന്നിവയ്ക്ക് തദ്ദേശീയ ഗ്രൂപ്പുകളുടെ ആവശ്യപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.മെറിക്കി ഓനസ് മുൻപ് ഓസ്ട്രേലിയൻ പതാക കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ‘വാരിയേഴ്സ് ഓഫ് അബോറിജിനൽ റെസിസ്റ്റൻസ്’ (WAR) എന്ന ഗ്രൂപ്പിന്റെ സ്ഥാപകയാണെന്നത് നിയമനത്തിന്റെ വിവാദസ്വഭാവം വർദ്ധിപ്പിക്കുന്നു. തദ്ദേശീയ വിഭാഗങ്ങൾക്കിടയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പണം ഉപയോഗിക്കുന്നില്ലെന്നും പകരം പുതിയൊരു ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രധാന ആക്ഷേപം.

