റിയാദിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യുഎസ് ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

റിയാദ്/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. അതേസമയം, ഹോർമുസ് കടലിടുക്കിനു മുകളിൽ അമേരിക്കയുടെ എംക്യു-9 റീപ്പർ നിരീക്ഷണ ഡ്രോൺ വെടിവച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.

ശനിയാഴ്ച പുലർച്ചെയാണ് റിയാദിനു നേരെ മിസൈൽ ആക്രമണശ്രമമുണ്ടായത്. നഗരത്തിൽ വ്യോമാക്രമണ ഭീഷണി സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് സ്ഫോടനശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.

റിയാദിലെ ആക്രമണത്തിനു പിന്നാലെ തെക്കൻ സൗദിയിലേക്കു നീങ്ങിയ ഹൂതി ഡ്രോണും തടഞ്ഞതായി സഖ്യസേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സൗദി തലസ്ഥാനത്തും മറ്റു പ്രദേശങ്ങളിലും ഹൂതികളുടെ ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാന്റെ അവകാശവാദം സംബന്ധിച്ച് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഹോർമുസ് കടലിടുക്കിനു മുകളിലായിരുന്ന ഡ്രോണിനെ പുതിയ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് തകർത്തതെന്ന് ഐആർജിസി അവകാശപ്പെട്ടു. സംഘർഷം ആരംഭിച്ചതിനുശേഷം തകർക്കുന്ന 58-ാമത്തെ എംക്യു-9 ഡ്രോണാണിതെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഡ്രോൺ തകർന്നതിന്റെ തെളിവുകളോ സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല. അതിനാൽ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.

സംഘർഷം വ്യാപിക്കുന്നു

യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് റിയാദിലേക്ക് മിസൈലുകൾ തൊടുത്തത്. ചെങ്കടലിലെ പ്രധാന തുറമുഖമായ ഹുദൈദയിലും തലസ്ഥാനമായ സനായിലുമാണ് സഖ്യസേന ആക്രമണം നടത്തിയത്. ഹൂതികളുടെ ആയുധക്കടത്ത് ശൃംഖലകളും മിസൈൽ, ഡ്രോൺ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി.

പ്രതികാരമായി ജിദ്ദ ഉൾപ്പെടെയുള്ള സൗദിയിലെ ചെങ്കടൽ തീരത്തെ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സൗദി വ്യോമപാത ഉപയോഗിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും മുന്നറിയിപ്പ് നൽകി. തെക്കൻ സൗദിയിലെ വൈദ്യുതിനിലയത്തിനും തുറമുഖത്തിനും നേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ട്

റിയാദിലെ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനമന്ദിരമായ പിഐഎഫ് ടവറിന് വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. തുടർച്ചയായ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും ആഗോള എണ്ണവിതരണത്തിനും ഭീഷണിയാകുമെന്ന ആശങ്ക ശക്തമാണ്.

ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത സുരക്ഷയും സംഘർഷത്തെത്തുടർന്ന് ആശങ്കയിലായിട്ടുണ്ട്. ആഗോള എണ്ണവിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ പാതയിലെ സുരക്ഷാ ഭീഷണികൾ എണ്ണവിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *