എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

കാഠ്മണ്ഡു: എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. കണ്ണൂർ തലശ്ശേരിക്കടുത്ത എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കെ.വി. (31) ആണ് മരിച്ചത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള വഴിയിലെ ഗോരക്‌ഷേപ് എന്ന സ്ഥലത്ത് വ്യാഴാഴ്ച (നവംബർ 19) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സമുദ്രനിരപ്പിൽനിന്ന് 5,164 മീറ്റർ ഉയരത്തിലുള്ള ഗോരക്‌ഷേപ് എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമാണ്. ഇവിടെ ഹോട്ടൽ മുറിയിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു യുവാവിന്റെ യാത്ര. ട്രെക്കിങ് ഗൈഡിന്റെയോ അംഗീകൃത ട്രെക്കിങ് ഏജൻസിയുടെയോ സഹായം തേടിയിരുന്നില്ലെന്നാണ് നേപ്പാൾ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി മൃതദേഹം ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലെത്തിച്ചു. നേപ്പാളിലെ അടിയന്തര ബന്ധപ്പെടൽ വിവരങ്ങളോ ട്രെക്കിങ് ഏജൻസി മുഖേനയുള്ള ക്രമീകരണങ്ങളോ ഇല്ലാതിരുന്നതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് മൃതദേഹം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

മലനിരകളിലെ ആരോഗ്യപ്രശ്നമെന്ന് സംശയം

ഉയർന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്സിജൻ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് മരണത്തിന് കാരണമായതെന്ന് ചില മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരാത്തതിനാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ വർഷം അഞ്ജുനാഥ് അന്നപൂർണ ബേസ് ക്യാംപ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. തുടർന്ന് എവറസ്റ്റ് ബേസ് ക്യാംപ് ലക്ഷ്യമാക്കി യാത്ര തിരിക്കുകയായിരുന്നു. ‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ യാത്രാനുഭവങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു.

ട്രെക്കിങ്ങിന് നേപ്പാളിൽ നിയന്ത്രണം

വിദേശ സഞ്ചാരികൾ നേപ്പാളിലെ ദേശീയോദ്യാനങ്ങളിലും സംരക്ഷിത മേഖലകളിലും ട്രെക്കിങ് നടത്തുമ്പോൾ അംഗീകൃത ഗൈഡിനെയും രജിസ്റ്റർ ചെയ്ത ട്രെക്കിങ് ഏജൻസിയെയും ആശ്രയിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. 2023ലാണ് ഇതുസംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നത്. ഒറ്റയ്ക്കുള്ള യാത്രയ്ക്കുള്ള ചില പെർമിറ്റ് നടപടികളിൽ പിന്നീട് ഇളവുകൾ വരുത്തിയെങ്കിലും ലൈസൻസുള്ള ഗൈഡിന്റെ സേവനം നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *