യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരേ ഹൂതികളുടെ മിസൈൽ ആക്രമണം; അഞ്ചു മരണം

ഏഡൻ: യെമനിലെ തെക്കൻ നഗരമായ ഏഡനിലുള്ള പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിന് നേരേ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. യെമൻ സർക്കാരിന്റെ ആസ്ഥാനമായ അൽ മാഷിഖ് കൊട്ടാര സമുച്ചയത്തിന് നേരേ വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. യെമൻ ആരോഗ്യ മന്ത്രി ഖാസിം ബുഹൈബെഹ് ആണ് മരണസംഖ്യയും പരിക്കേറ്റവരുടെ വിവരവും അറിയിച്ചത്.

ആക്രമണത്തിൽ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയും മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മൊവമ്മർ അൽ എറിയാനി അറിയിച്ചു. കൊട്ടാര സമുച്ചയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിവിലിയൻ ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുമുള്ളത്.

ആക്രമണത്തിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായാണ് യെമൻ സർക്കാർ അറിയിച്ചത്. കൊട്ടാര സമുച്ചയത്തിലെ യെമൻ സർക്കാർ സേനയുടെയും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെയും സൈനിക പ്രവർത്തന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി വിഭാഗവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി സൈനിക ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന കേന്ദ്രവും ആയുധസംഭരണശാലകളും ലക്ഷ്യമിട്ടതായി ഹൂതി വക്താവും അവകാശപ്പെട്ടു.

സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാരും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം. നിലവിലെ സംഘർഷഘട്ടത്തിൽ അൽ മാഷിഖ് കൊട്ടാര സമുച്ചയത്തിന് നേരേ നടക്കുന്ന ആദ്യ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ വിവിധ മേഖലകളിൽ ഏറ്റുമുട്ടൽ ശക്തമായതോടെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *