മാഡ്രിഡ്: സ്പെയിനിൽ അനധികൃത കുടിയേറ്റക്കാർക്ക് താമസാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ തിരക്കും സംഘർഷാവസ്ഥയും. മാഡ്രിഡിലെ ഗാംബിയൻ എംബസിക്ക് മുകളിൽ കുടിയേറ്റക്കാർ അതിക്രമിച്ചു കയറിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പത്തടി ഉയരമുള്ള മുൾവേലികൾ വകഞ്ഞുമാറ്റി എംബസിയുടെ മതിൽ ചാടിക്കടന്ന ആഫ്രിക്കൻ യുവാക്കളുടെ ദൃശ്യങ്ങൾ സ്പെയിനിൽ വലിയ ചർച്ചയായിട്ടുണ്ട്.
അറ്റ്ലാന്റിക് കടൽ കടന്നെത്തിയ തങ്ങൾക്ക് ഈ മതിലുകൾ ഒരു തടസ്സമല്ലെന്നാണ് എംബസി വളപ്പിൽ നിലയുറപ്പിച്ച യുവാക്കൾ പ്രതികരിച്ചത്. മതിലിൽ നിന്ന് വീണ് പരിക്കേറ്റിട്ടും രേഖകൾ ലഭിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിഷേധക്കാർ. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. നഗരങ്ങളിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ തടിച്ചുകൂടുന്നത് സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.
ഔദ്യോഗിക സംവിധാനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തിരക്കെന്ന് പ്രാദേശിക ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പലയിടങ്ങളിലും പോലീസും കുടിയേറ്റക്കാരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 17 മുതൽ ജൂൺ 30 വരെയാണ് പ്രത്യേക പൊതുമാപ്പ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അഞ്ചുമാസമെങ്കിലും സ്പെയിനിൽ താമസിച്ചവർക്കും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർക്കും ഒരു വർഷത്തെ താമസാനുമതി നൽകാനാണ് സർക്കാർ ഉത്തരവ്.
പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ പ്രധാനമന്ത്രി നേരിട്ട് പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി രംഗത്തെത്തി. ഇത് ‘നിയമവിരുദ്ധതയ്ക്കുള്ള സമ്മാന’മാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കുടിയേറ്റക്കാരുടെ അപേക്ഷകൾ സ്വീകരിക്കുന്ന സിവിൽ ഓഫീസുകളിൽ തിരക്ക് അഞ്ചിരട്ടിയായി വർധിച്ചതോടെ ജീവനക്കാരും പ്രതിഷേധത്തിലാണ്. പ്രതിദിനം 1500 അപേക്ഷകൾ കൈകാര്യം ചെയ്തിരുന്ന ഓഫീസുകളിൽ ഇപ്പോൾ 5500-ലേറെ അപേക്ഷകളാണ് എത്തുന്നത്.
മതിയായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ ഭരണസംവിധാനത്തെ തകർക്കുമെന്ന് ഉദ്യോഗസ്ഥ സംഘടനകൾ പരാതിപ്പെടുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ സ്പെയിൻ മാത്രം വാതിൽ തുറന്നിടുന്നത് വിരോധാഭാസമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ മാത്രം 63,000-ത്തോളം അനധികൃത കുടിയേറ്റക്കാരാണ് സ്പെയിനിലെത്തിയത്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിദേശികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

