മേലുകാവ്: കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ വിഴുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ വനം വകുപ്പിന്റെ റെസ്ക്യൂ ടീം പിടികൂടി. കിഴക്കേമറ്റം രാമസ്വാമിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
രാവിലെ കോഴികൾക്ക് തീറ്റ നൽകാനായി രാമസ്വാമി എത്തിയപ്പോഴാണ് കോഴികളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കാണുന്നത്. തുടർന്ന് വനം വകുപ്പിന്റെ ‘സർപ്പ’ ആപ്പിലൂടെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സർപ്പ റെസ്ക്യൂ വർക്കർ നൗഷാദ് വെള്ളപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് വനം വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ ഇതിനെ ഉൾവനത്തിലേക്ക് തുറന്നുവിട്ടു.

