മലങ്കര ജലാശയം മലിനമാക്കുന്ന സ്ഥാപനം വീണ്ടും തുറക്കാൻ നീക്കം: ശക്തമായ ജനകീയ സമരത്തിലേക്ക് മുട്ടം

മുട്ടം: മലങ്കര ജലാശയത്തിലേക്ക് മലിനമായ ഓയിൽ ഒഴുക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ജനകീയ സമിതി സമരത്തിലേക്ക്. ജലാശയത്തെ മലിനമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കരുതെന്നും, സ്ഥാപനം വീണ്ടും തുറക്കാനുള്ള നീക്കം അടിയന്തരമായി തടയണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നാണ് മലങ്കര ജലാശയം. കൂടാതെ കേരള സർക്കാരിന്റെ ‘ഹില്ലി അക്വ’ ഉൾപ്പെടെയുള്ള പ്രമുഖ കുടിവെള്ള പദ്ധതികൾക്കും ഈ ജലസ്രോതസ്സാണ് പ്രയോജനപ്പെടുത്തുന്നത്. അതിനാൽ ജലാശയത്തിലേക്ക് മലിനീകരണം എത്തുന്നത് പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

മലിനീകരണവുമായി ബന്ധപ്പെട്ട് നേരത്തെ നടപടി നേരിട്ട സ്ഥാപനത്തെ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. വിഷയത്തിൽ ജനകീയ സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രദേശത്തെ ജനപ്രതിനിധികളും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും മലങ്കര ജലാശയത്തിന്റെ പാരിസ്ഥിതിക സുരക്ഷയും സംരക്ഷിക്കുന്നതിനായി ജനകീയ സമിതിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി.

മലങ്കര ജലാശയത്തെ സംരക്ഷിക്കുക, കുടിവെള്ള സ്രോതസ്സ് സുരക്ഷിതമാക്കുക, മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കാതെ സ്ഥാപനത്തിന്റെ പ്രവർത്തനം അനുവദിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *