വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികളെ പാകിസ്താനിലേക്ക് അയക്കാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ താൽപര്യമുണ്ടെങ്കിൽ അവർ നേരിട്ട് അമേരിക്കയെ സമീപിക്കാമെന്ന് ട്രംപ് വ്യക്തമാക്കി.
പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകൾക്കായി പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ എന്നിവരെ അയയ്ക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ ദീർഘയാത്രയും ഫലപ്രദമല്ലാത്ത ചർച്ചകളും ഒഴിവാക്കാനാണെന്ന് പറഞ്ഞ് ട്രംപ് യാത്ര അവസാന നിമിഷം റദ്ദാക്കി.“ചർച്ച ചെയ്യാൻ ഇറാൻ തയ്യാറാണെങ്കിൽ അവർ ഞങ്ങളെ വിളിച്ചാൽ മതി” എന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്കക്ക് ശക്തമായ നിലപാട് ഉള്ളതിനാൽ സമയം കളയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പാകിസ്താനിലെ സന്ദർശനം അവസാനിപ്പിച്ച് മടങ്ങി. യുദ്ധം അവസാനിപ്പിക്കാൻ ഒരു ചട്ടക്കൂട് അവതരിപ്പിച്ചെങ്കിലും അമേരിക്ക ഗൗരവത്തോടെ സമീപിക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ പാകിസ്താൻ ഇടനിലക്കാരനായി ചർച്ചകൾക്ക് വേദിയൊരുക്കിയിരുന്നുവെങ്കിലും പുതിയ തീരുമാനത്തോടെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്

