ഇംഫാൽ: സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ പ്രതിഷേധക്കാർക്കും പോലീസിനും ഇടയിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായി. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ നടത്തിയ പ്രതിഷേധ മാർച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാസേന തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. തടസ്സങ്ങൾ തകർത്ത് മുന്നേറാൻ ശ്രമിച്ചപ്പോൾ പോലീസ് കണ്ണീർവാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ ചിതറിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുള്ള പ്രതിഷേധങ്ങളാണ് സംഘർഷത്തിന് വഴിവച്ചത്. സംഭവത്തിൽ കുറ്റക്കാരെ പിടികൂടണമെന്നും സ്ഥിര സമാധാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്
ഇതിനിടെ, നാഗ–കുകി വിഭാഗങ്ങൾ തമ്മിലുള്ള പുതുക്കിയ ഏറ്റുമുട്ടലുകളും സംസ്ഥാനത്തിലെ സാഹചര്യം കൂടുതൽ കടുപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
സംസ്ഥാനത്ത് ദീർഘകാലമായി തുടരുന്ന വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്

